കാസര്‍കോട്: ബാറിന് അകത്തുണ്ടായ വാക്കുതര്‍ക്കം മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമത്തിലും മൂന്നു പേരുടെ ഗുരുതര പരിക്കിലും കലാശിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ആലാമിപ്പള്ളിയിലെ ലാന്റ് മാര്‍ക്ക് ബാറിലാണ് സംഭവം. ബാറിനകത്തുണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാറിനകത്ത് നിന്ന് പുറത്തിറങ്ങിയ അരയി, കാര്‍ത്തിക, തിരിക്കുന്നില്‍ അമല്‍കൃഷ്ണ (23), അരയി കണ്ടംകുട്ടിച്ചാല്‍ പന്നിപ്പള്ളിയിലെ പി.പി വിഷ്ണു പ്രഭാത് (26), അരയിയിലെ വിഷ്ണു പി.പി (26) എന്നിവരെ ഇരുമ്പ് വടിയും ബിയര്‍ കുപ്പിയും കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് കേസില്‍ പറയുന്നു. പരിക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബല്ലയിലെ മനു, പുതിയ കോട്ടയിലെ അഭിലാഷ്, മാവുങ്കാലിലെ ശ്യാം, സുധീഷ്, നെല്ലിക്കാട്ടെ മണി, നിധിന്‍, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.