കാസര്‍കോട്: ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും വ്യാജചാരായ നിര്‍മ്മാണം തടയാനും എക്‌സൈസ് നടപടി ശക്തമാക്കി. ഹൊസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് പള്ളിക്കര, കോട്ടക്കുന്നില്‍ നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റു ചെയ്തു. പള്ളിക്കര മഠം സ്വദേശി സലിം (54) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബന്തടുക്ക എക്‌സൈസ് നരമ്പിലക്കണ്ടത്തു നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായ വാഷ് പിടികൂടി. കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വാഷ് സ്ഥലത്ത് തന്നെ ഒഴുക്കി നശിപ്പിച്ചു.
