കാസര്‍കോട്: വന്യമൃഗ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനജാഗ്രതാ സമിതി യോഗങ്ങള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ നിയമ സഹായ അതോറിറ്റി യോഗമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.എഫ്.ഒ. കെ.അഷ്റഫിന് നല്‍കിയത്. വന്യ മൃഗഭീഷണി ഇല്ലാതാക്കുന്നതിന് വേണ്ടി അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പി.രാമചന്ദ്രന്‍ ആണ് അതോറിറ്റിക്ക് പരാതി നല്‍കിയത്. അതോറിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരാതിക്കാരനായ പി.രാമചന്ദ്രന്‍, ഈശ്വരഭട്ട് കാനത്തൂര്‍, കുഞ്ഞമ്പു, സുരേഷ് കാനത്തൂര്‍, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. വി രാജന്‍ എന്നിവരും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫും യോഗത്തില്‍ സംബന്ധിച്ചു. പുലി, ആന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ പഞ്ചായത്തുകളാണ് മുളിയാറും കാറഡുക്കയും ദേലംപാടിയും കുറ്റിക്കോലും.
