കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി. ഉത്തര്‍പ്രദേശ്, കേരിയിലെ ഹരിശ്ചന്ദ്ര-സോനാദേവി ദമ്പതികളുടെ മകന്‍ അമരേന്ദ്ര കുമാറാ(24)ണ് മരിച്ചത്. കാസര്‍കോട് നിന്നു ആംബുലന്‍സില്‍ മംഗ്‌ളൂരുവിലെത്തിച്ച് വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. സഹോദരങ്ങളുടെ നേതൃത്വത്തിലാണ് മൃതദേഹം കൊണ്ടു പോകുന്നത്. വര്‍ഷങ്ങളായി കാസര്‍കോട്ട് നിര്‍മ്മാണ ജോലി നടത്തി വരികയായിരുന്നു അമരേന്ദ്ര കുമാര്‍. ബുധനാഴ്ച മൊഗ്രാലില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അമരേന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. ധര്‍മ്മേന്ദ്ര, രാജേന്ദ്ര, പൂനംദേവ് എന്നിവര്‍ സഹോദരങ്ങളാണ്.