കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്ന് പട്ടാപ്പകല്‍ ബാറ്ററി മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍, പഴശ്ശിയിലെ കെ. റൗഫ് (35), കല്ലൂരിലെ പി. റമീസ് (34) എന്നിവരെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്. ജൂണ്‍ 27ന് ആണ് കേസിനാസ്പദമായ സംഭവം. കരിക്കോട്ടകരി സ്വദേശി തോമസിന്റെ ഓട്ടോയില്‍ നിന്നാണ് ബാറ്ററി മോഷ്ടിച്ചത്.
കീഴൂരില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോ. വിവരമറിഞ്ഞ് എത്തിയ പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നേരത്തെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ് പൊലീസ്.
