ആളുകളും പൊലീസുകാരും നോക്കി നിൽക്കെ കോൺസ്റ്റബിൾ ഭാര്യയെ കുത്തി കൊലപ്പെടുത്തി. കർണാടക ഹാസൻ ജില്ലാ എസ്പി ഓഫീസ് വളപ്പിൽ വച്ചാണ് സംഭവം. മമത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ലോകനാഥ് കൊലയ്ക്ക് ശേഷം ഒളിവിൽ പോയി. ഭർത്താവിനെതിരെ പരാതി നൽകാൻ മമത എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു സംഭവം. കുടുംബം വഴക്ക് പരിഹരിക്കാനാണ് എസ് പി യെ കാണാൻ എത്തിയത്. ഓഫീസിൽ എത്തിയ വിവരം അറിഞ്ഞു പുറത്തു നിൽക്കുകയായിരുന്നു ലോകനാഥ്. എസ്പിയുടെ ഓഫീസിൽ നിന്നും പുറത്തുവന്ന മമതയെ ആളുകൾ നോക്കിനിൽക്കെ നെഞ്ചിൽ കത്തി കൊണ്ട് പലതവണ കുത്തി പരിക്കേൽപ്പിച്ചു. ആളുകൾ തടിച്ചു കൂടിയതോടെ ലോകനാഥ് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മമതയെ ഓടിക്കൂടിയ ആളുകൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 17 വർഷമായി വിവാഹിതരായ ലോകനാഥിനും മമതയ്ക്കും രണ്ട് കുട്ടികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് ഇരുവരും പതിവായി വഴക്കാണെന്ന് പരിസരവാസികൾ പറയുന്നു. നാല് ദിവസം മുമ്പും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലാണ് ലോകനാഥ് ജോലി ചെയ്യുന്നത്. ലോക്‌നാഥ് ഹാസൻ ജില്ലയിലെ അറകലഗുഡ് സ്വദേശിയും മമത ഹാസൻ സ്വദേശിയുമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഹാസൻ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
