കാര്യങ്കോട് പുതിയ പാലം തുറന്നു; 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ, കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലം ഗതാഗത്തിനായി തുറന്ന് കൊടുത്തു. 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും. പകരം പടിഞ്ഞാറ് ഭാഗത്ത് പുതിയൊരു പാലം കൂടി വരും. ഇതിന്റെ നിര്‍മാണത്തിനും തുടക്കമായി. കാസര്‍കോട് ജില്ലയില്‍ ദേശീയപാതയിലെ ഏറ്റവും വലിയ പാലമാണിത്. 1963 എപ്രില്‍ 17ന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കറാണ് കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ആദ്യത്തെ പാലം തുറന്നു കൊടുത്തത്. പാലം വരുന്നതിനു മുന്‍പ് കാര്യങ്കോട് പഴയകടവില്‍ നിന്ന് ചങ്ങാടത്തില്‍ ആയിരുന്നു ആളുകളെ മറുകരയിലേക്ക് കൊണ്ടുപോയിരുന്നത്. 1957ല്‍ ആദ്യ ഇ.എം.എസ്. സര്‍ക്കാര്‍ പുതിയ രൂപരേഖ തയ്യാറാക്കിയാണ് പാലം പണി തുടങ്ങിയത്. മംഗലാപുരം-ചെറുവത്തൂര്‍ തീരദേശ റോഡ് എന്ന പേരിലാണ് അന്ന് പാത അറിയപ്പെട്ടത്. 302 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ളതാണ് പുതിയ പാലം. പഴയ പാലത്തെക്കാള്‍ 90 മീറ്റര്‍ നീളം കൂടുതലുണ്ട്. പുതിയ പാലത്തിന് 3 വരി പാതയാണ് പാലത്തില്‍ ഉണ്ടാവുക.
പാലം തുറന്നുകൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി ജില്ലാ വികസന സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ദേശീയപാത അതോറിറ്റി വിദഗ്ധ സംഘം പാലം പരിശോധിച്ചിരുന്നു. പഴയ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് പുതിയ പാലം അടിയന്തരമായി തുറന്നു കൊടുക്കണമെന്ന് എം. രാജഗോപാലന്‍ എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page