കാസർകോട്: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കാസർകോട് ജില്ലയിലെ ആദ്യ കേസ് അസ്വാഭാവിക മരണത്തിന്. അമ്പലത്തറ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വിട്ടൽ ആഗ്രോ ഇൻഡസ്ട്രീസിൽ ജോലി
ചെയ്തു വരുന്ന ബീഹാർ സ്വദേശി പ്രഭുറാ(50) മരണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബിഎന്‍എസ്എസ്) 194 പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് ഇദ്ദേഹത്തിന്റെ മരണം.
പുലർച്ചെ കമ്പനി ക്വാർട്ടേഴ്‌സിൽ വെച്ച് ഛർദ്ദിക്കുകയും തുടർന്ന് കിടന്നുറങ്ങിയ പ്രഭുറാമിനെ പുലർച്ചെ ഒരു മണിയോടെ കൂടെ മുറിയിലുണ്ടായവർ വിളിച്ചുണർത്താൻ ശ്രമിച്ചിട്ടും ഉണർന്നില്ല. മിണ്ടാത്തതിനെ തുടർന്ന് മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.