മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു

കാസര്‍കോട്: ബളാല്‍ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ശനിയാഴ്ച രാത്രിയോടെ ഇറങ്ങിയ കാട്ടാനകള്‍ ഇരുചക്ര വാഹനം എടുത്തെറിഞ്ഞു. കാര്‍ഷിക വിളകള്‍ പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും ആനകൂട്ടം വ്യാപകമായി കൃഷിനാശം വരുത്തി. രാവിലെ ആറുമണിയോടെ സ്‌കൂട്ടി എടുക്കാന്‍ വന്നപ്പോഴാണ് വലിയപുഞ്ചയിലെ വരിക്കാമുട്ടില്‍ ബിബിന്‍ ആനകള്‍ പരാക്രമം നടത്തിയതായി കണ്ടത്. പാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നും സ്‌കൂട്ടി ചവിട്ടി മെതിച്ച് എടുത്ത് എറിഞ്ഞ നിലയിലായിരുന്നു. വീടിനോട് ചേര്‍ന്നാണ് റോഡ് സൈഡില്‍ സ്‌കൂട്ടി പാര്‍ക്ക് ചെയ്തിരുന്നത്. പ്രദേശത്തെ നരി വേലില്‍ മേരിയുടെ വാഴ കൃഷിയും കവുങ്ങകളും, ചേരിയില്‍ ജോളിയുടെ അഞ്ചോളം തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. സമീപപ്രദേശത്തെ ബെന്നി, മാലോം റസാഖ്, മുതുകാട്ടില്‍ കുട്ടിച്ചന്‍, തങ്കച്ചന്‍ ചേരിയില്‍, ഷാജി കളപ്പുര, ജോര്‍ജ്ജ് പാറക്കൂടിയില്‍ എന്നിവരുടെ തെങ്ങുകളും കവുങ്ങുകളും വാഴകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വലിയ പുഞ്ചയിലെ അനില്‍ വര്‍മ്മയുടെ കാര്‍ഷിക വിളകള്‍ക്കും കാട്ടാനകൂട്ടം നാശം വരുത്തി. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി അംഗം അലക്‌സ് നെടിയകാലയില്‍, വെള്ളരിക്കുണ്ട് സി.ഐ. ഷിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലക്ഷ്മണന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പാണത്തൂര്‍ പരിയാരത്തും കാട്ടാന ഇറങ്ങി കൃഷികള്‍ നശിപ്പിച്ചു. കാര്യങ്ങാനത്ത് തോട്ടുപുറം ഓണച്ചന്‍ എന്ന ജോണിന്റെ കൃഷിയിടത്തിലാണ് ഇന്നലെ കാട്ടാനയെത്തിയത്. ഒരാഴ്ചകളില്‍ മൂന്ന് കര്‍ഷകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. അടിക്കടിയുള്ള കാട്ടാന ശല്യം കൊണ്ട് പൊറുതി ബുദ്ധിമുട്ടിരിക്കുകയാണ് പാണത്തൂര്‍ പരിയാരം പ്രദേശത്തെ കര്‍ഷകര്‍. ജനവാസ കേന്ദ്രത്തില്‍ രൂക്ഷമായത് നാട്ടുകാരെയും യാത്രക്കാരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page