കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാട്ടില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 12 കാരന്റെ പരാതി പ്രകാരം നെക്രാജെയിലെ റാഷിദ് കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
റാഷിദും സുഹൃത്തും ചേര്‍ന്ന് ആദ്യം രണ്ടു കുട്ടികളെ കാറില്‍ കയറ്റി വെള്ളച്ചാട്ടം കാണിക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പിന്നീട് രണ്ടുപേരെയും തിരിച്ചെത്തിച്ചു. തുടര്‍ന്ന് കുട്ടികളില്‍ ഒരാളെ വീണ്ടും കാറില്‍ കയറ്റിക്കൊണ്ടുപോയി ഒരു കാട്ടിനകത്തു വച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കുകയായിരുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
