തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവല്ലെന്നു ചൂണ്ടിക്കാട്ടി സംവിധായകന്‍ കെ ആര്‍ സുഭാഷ് യൂട്യൂബിലൂടെ എട്ടുവര്‍ഷം മുമ്പ് പുറത്തിറക്കിയ ഡോക്യുമെന്ററി പിന്‍വലിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് ഇപ്പോള്‍ പിന്‍വലിച്ച ഡോക്യുമെന്ററി സുഭാഷ് പുറത്തിറക്കിയത്. പിണറായിയെ ബ്രാന്റ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരന്‍ മരിച്ചു കഴിഞ്ഞാല്‍ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്കു പ്രസക്തിയില്ലെന്ന് സംവിധായകന്‍ സുഭാഷ് പ്രതികരിച്ചു.
എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ബാനറില്‍ ആണ് 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചത്. മന്ത്രി പി രാജീവിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ‘യുവതയോട്; അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററി പ്രൊഫ. എം കെ സാനുവാണ് പ്രകാശനം ചെയ്തത്. യൂട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി പിന്‍വലിക്കുന്നതിനു മുമ്പ് 75 ലക്ഷത്തിലധികം പേര്‍ കണ്ടിരുന്നുവെന്നാണ് കണക്ക്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉള്‍പ്പെടെ സി പി എം തകര്‍ന്നടിഞ്ഞതിന്റെ കാരണം കണ്ടെത്തുന്നതിനുള്ള മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം ആരംഭിച്ച പശ്ചാത്തലത്തിലാണ് പിണറായിയെ വാഴ്ത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി പിന്‍വലിച്ചതെന്നും ശ്രദ്ധേയം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഉണ്ടായ തോല്‍വി ദേശീയ തലത്തില്‍ വലിയ ആഘാതം ഉണ്ടാക്കിയെന്നാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ആദ്യ ദിവസത്തെ യോഗത്തിന്റെ വിലയിരുത്തല്‍. രാഷ്ട്രീയമായി അതിജീവിക്കണമെങ്കില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന വിലയിരുത്തലും കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉണ്ടായതായാണ് സൂചന.
