കണ്ണൂര്‍: കണ്ണൂര്‍, രാമപുരത്ത് ടാങ്കര്‍ ലോറിയില്‍ നിന്നു വാതകം ചോര്‍ന്നു. 10 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്.
മംഗ്‌ളൂരുവില്‍ നിന്നു കൊച്ചിയിലേയ്ക്ക് ഹൈഡ്രോളിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ലോറി രാമപുരത്ത് എത്തിയപ്പോഴാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശപ്രകാരം ലോറി സ്ഥലത്തു നിര്‍ത്തിയിട്ടു. ശനിയാഴ്ച രാവിലെയോടെ ഹൈഡ്രോളിക് ആസിഡ് മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ച് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ച അനുഭവപ്പെട്ടത്. വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സമീപത്തെ നഴ്‌സിംഗ് കോളേജിലെ എട്ടു വിദ്യാര്‍ത്ഥികളെയാണ് പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നു അധികൃതര്‍ പറഞ്ഞു. വാതകം സുരക്ഷിതമല്ലാത്ത ടാങ്കറിലേയ്ക്ക് മാറ്റിയതാണ് ചോര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നു പരിസരവാസികള്‍ ആരോപിച്ചു.
