കണ്ണൂര്‍: അര്‍ബുദ രോഗിയായ മാതാവിനെ കഴുത്തു ഞെരിച്ചും മുഖത്ത് തലയണ അമര്‍ത്തിയും കൊലപ്പെടുത്താന്‍ ശ്രമം. അവശനിലയിലായ ചെറുപുഴ, ഭൂദാനത്തെ നാരായണി അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ സതീശനെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാരായണി അമ്മ അര്‍ബുദ രോഗിയാണ്. ഇവരെ മകന്‍ സതീശനാണ് സംരക്ഷിക്കുന്നത്. നാരായണി അമ്മയ്ക്കു ബോധമില്ലെന്നു സതീശനാണ് ശനിയാഴ്ച പുലര്‍ച്ച അയല്‍വാസികളെയും ബന്ധുക്കളെയും അറിയിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍ തന്നെ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമാണെന്നും കൊലപാതക ശ്രമം നടന്നതായും പരിശോധിച്ച ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നാരായണിയമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ചെറുപുഴ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ സൂചനകളെ തുടര്‍ന്ന് മകന്‍ സതീശനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകശ്രമത്തിന്റെ ചുരുളഴിഞ്ഞത്. താന്‍ ഏക മകനാണെന്നും അര്‍ബുദ രോഗിയായ മാതാവിനെ മാസങ്ങളായി ചികിത്സിക്കുന്നുവെന്നും സതീശന്‍ പൊലീസിനു മൊഴി നല്‍കി. ദാരിദ്ര്യം മൂലം മാതാവിനെ ചികിത്സിക്കാനോ, പരിചരിക്കാനോ കഴിയാത്തതിനാലാണ് കടുംകൈക്കു മുതിര്‍ന്നതെന്നും സതീശന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
