കാസര്‍കോട്: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവാസിയുടെ വീടുകുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ അന്വേഷണത്തിനിടെ കുടുങ്ങിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ്. ഉപ്പള ബന്തിയോട് സ്വദേശിയും കര്‍ണ്ണാടക ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ അഷറഫ് അലി(26)യാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.എ.ഉമേഷിന്റെ ക്രൈം സ്‌ക്വാഡിന്റെ പിടിയിലായത്. കര്‍ണാടകയില്‍ വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. പെരുമ്പയില്‍ നടന്ന കവര്‍ച്ചയില്‍ നിരീക്ഷണ ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവിന്റെ രൂപസാദൃശ്യമാണ് കുപ്രസിദ്ധ മോഷ്ടാവിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. എന്നാല്‍ പ്രതിക്ക് പയ്യന്നൂരില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടിയിലായ വിവരമറിഞ്ഞ് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം സ്‌റ്റേഷനുകളിലെ പൊലീസുകള്‍ പയ്യന്നൂരിലെത്തി പ്രതിയെ കൊണ്ടുപോയി. ഈ മാസം നാലിനും 27 നുമിടയില്‍ മംഗല്‍പാടി ബേക്കൂര്‍ സുഭാഷ് നഗറിലെ ജിലാനി മഹലിലെ ആയിഷ യൂസഫിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ അഷറഫ് അലിയെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. 1,10,000 രൂപയുടെ ഐഫോണും, റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളും വിലപ്പെട്ട രേഖകളുമാണ് വീട്ടില്‍ നിന്ന് യുവാവ് കടത്തികൊണ്ടുപോയത്. പയ്യന്നൂരില്‍ മൂന്നും, മഞ്ചേശ്വരത്ത് നാലും, ബിദിയടുക്കയിലും ബേഡകത്തും രണ്ടുവീതവും, കാഞ്ഞങ്ങാടും കാസര്‍കോടും പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ കവര്‍ച്ച കേസുകളില്‍ പ്രതിയാണ് അഷറഫ്.ഇയാളുടെ കൂട്ടാളികളായ കര്‍ണ്ണാടക സ്വദേശികളായ മൂന്നു പേരെ കൂടി കുമ്പള കേസില്‍ പിടികൂടാനുണ്ട്. കൂട്ടുപ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. അതേസമയം പെരുമ്പയിലെ കവര്‍ച്ച കേസിലെ മോഷ്ടാവിനെ എത്രയും വേഗം പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം.
