കാസര്‍കോട്: ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മഞ്ചേശ്വരം, ഹൊസങ്കടിയില്‍ കനത്ത നാശനഷ്ടം. ഹൊസങ്കടിയില്‍ പുതുതായി സ്ഥാപിച്ച റെയില്‍വെ ഗേറ്റ് സമീപത്തെ കൂറ്റന്‍ മരച്ചില്ല വീണു തകര്‍ന്നു. ഹൊസങ്കടിയിലെ സിദ്ദിഖിന്റെ ചിക്കന്‍ ഷോപ്പും സമീപത്തെ മരം കടപുഴകി വീണ് തകര്‍ന്നു. അംഗഡിപ്പദവില്‍ ഭാഗ്യചന്ദ്രന്റെ മതില്‍ ഇടിഞ്ഞു. സമീപത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വെല്‍ഡിംഗ് ഷോപ്പിനും നാശം ഉണ്ടായി. ആനക്കല്ല് റോഡിലെ രാജയുടെ കടയില്‍ മരം കടപുഴകി വീണു. എതിര്‍വശത്ത് സന്ദേശിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി സ്റ്റാളും തകര്‍ന്നു. ഉപ്പളയില്‍ കടല്‍ക്ഷോഭവും ശക്തമായി തുടരുന്നു. ശാരദാനഗര്‍, മണിമുണ്ട, മുസോടി, ശിവാജിനഗര്‍ എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിട്ടുള്ളത്. കാസര്‍കോട് വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റില്‍ മരം ഹൈടെന്‍ഷന്‍ ലൈനിന് മുകളില്‍ പൊട്ടി വീണു വൈദ്യുതി വിതരണം നിലച്ചു. കാസര്‍കോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.
