സ്ഥലമാറ്റ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചു; എന്നു മടങ്ങാനാകുമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അയല്‍ ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനിയും സ്വന്തം ജില്ലകളിലേക്ക് മടങ്ങാനായില്ല. ഡിവൈ.എസ്.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ഇനിയും തിരിച്ചുവരാന്‍ കഴിയാത്തത്. സാധാരണഗതിയില്‍ പെരുമാറ്റ ചട്ടം പിന്‍വലിക്കുന്നതോടെ അതാത് ജില്ലകളില്‍ തന്നെ നിയമനം നല്‍കുകയാണ് പതിവ്. ഇതനുസരിച്ച് എസ്.ഐമാരുടെ സ്ഥലംമാറ്റ പട്ടിക ഒരാഴ്ച മുമ്പ് തന്നെ ഇറങ്ങിയിരുന്നു. എന്നാല്‍ ഡിവൈ.എസ്.പി, എസ്.എച്ച്.ഒ മാര്‍ എന്നിവരുടെ സ്ഥലംമാറ്റ പട്ടിക തയ്യാറാക്കിയിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കൂടി പരിഗണിച്ച് പുതിയ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. എന്നാല്‍ പട്ടിക വൈകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിലും അസ്വാരസ്യത്തിന് ഇടയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങളായതിനാല്‍ കേസ് അന്വേഷണം നിശ്ചലാവസ്ഥയിലാകുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page