കാസര്‍കോട്: കാഞ്ഞങ്ങാട്ട് പൊലീസ് അറസ്റ്റു ചെയ്ത യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വഴി യാത്രക്കാരെ ഭീതിയിലാഴ്ത്തിയ മാല മോഷ്ടാവ്. നെല്ലിക്കട്ട, ചെന്നടുക്കയിലെ സി.എം ഇബ്രാഹിം ഖലീലി(42)നെ കഴിഞ്ഞ ദിവസം രാത്രി ബദിയടുക്ക പൊലീസിന്റെ സഹായത്തോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദും സംഘവും അറസ്റ്റു ചെയ്തത്.
ജൂണ്‍ 15 ന് അജാനൂര്‍ ഇട്ടമ്മലിലെ സരോജിനി അമ്മ (65)യുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ച് ഓടിയ കേസിലാണ് ഇബ്രാഹിം ഖലീലിനെ അറസ്റ്റു ചെയ്തത്. കറുത്ത നിറത്തിലുള്ള മഴക്കോട്ട് ധരിച്ച് സ്‌കൂട്ടറില്‍ എത്തിയാണ് ഇയാള്‍ മാല കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസുകളിലെയും സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇബ്രാഹിം ഖലീല്‍ നാലു സ്ഥലങ്ങളിലാണ് വഴി യാത്രക്കാരികളായ സ്ത്രീകളുടെ മാല പൊട്ടിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു. 2022 നവംബര്‍ 11ന് നീര്‍ച്ചാല്‍ 2023 ഫെബ്രുവരി ഒന്നിന് പെര്‍ള, എന്നിവിടങ്ങളിലും ഇബ്രാഹിം ഖലീല്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ബദിയജഡുക്ക സി.എച്ച്.സിയില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും നീര്‍ച്ചാലിലെ സ്ത്രീയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചോടിയത് ഇയാളെന്ന് പൊലീസ് പറഞ്ഞു. കള്ളനോട്ടു കേസിലെ പ്രതിയായിട്ടുള്ള ഇബ്രാഹിം ഖലീല്‍ എട്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റിമാന്റിലായ ഇബ്രാഹിം ഖലീലിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
