രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ കവർച്ച; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു

കാസർകോട് : നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ കവർച്ചാ സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടു. പ്രഥമാധ്യാപികയുടെ ഓഫീസ് മുറി കുത്തിത്തുറന്ന് 12,000 രൂപയും ക്യാമറയും കവർന്ന സംഘത്തിന്റെ ദൃശ്യമാണ് പുറത്തുവിട്ടത് . വിദ്യാലയത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ ഡി.വി.ആറും കൊണ്ടുപോയിരുന്നെങ്കിലും ഇത് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. സമീപ പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിലെ ദൃശ്യത്തിലാണ് പ്രതികളുള്ളത്. യുവാക്കളായ പ്രതികൾ തൊട്ടടുത്ത് മേൽപാലത്തിനടിയിലിരിക്കുന്നതും സംസാരിക്കുന്നതും പിന്നീട് നടന്ന് പോകുന്നതും ദൃശ്യത്തിലുണ്ട്. ഓഫീസ്‌മുറിയുടെ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും നിരീക്ഷണക്യാമറ തിരിച്ചുവെച്ചും അതിവിദഗ്‌ധമായിട്ടാണ് കവർച്ച നടത്തിയത്. ഓഫീസ് മുറിയിലെ നാല് അലമാരകൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഫയലുകളും മറ്റും വാരിവലിച്ചെറിഞ്ഞിരുന്നു. വെള്ളിയാഴ്ച‌ പുലർച്ചെ നാലേമുക്കാലോടെയാണ് സ്കൂളിൽ കവർച്ച നടന്നത്. നീലേശ്വരം ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എസ്.ഐ.മാരായ ടി. വൈശാഖ്, മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി അന്വേഷണം നടത്തിയതിലാണ് ദൃശ്യം ലഭിച്ചത്. കാസർകോട്ടുനിന്ന് ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്‌ധരുമെത്തി നടത്തിയ അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ വിദ്യാലയമതിലിനടുത്തുനിന്ന് നിരീക്ഷണ ക്യാമറയുടെ ഡി.വി.ആർ. കണ്ടെടുത്തു. പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നവർ നീലേശ്വരം പൊലീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page