കൊച്ചി: ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ എം.എല്‍.എ. പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ കോടതി അലക്ഷ്യമാണെന്നും രമ പറഞ്ഞു. ടി.പി വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനാണ് ആലോചിക്കുന്നത്. ശിക്ഷാ ഇളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് തേടി. ഈ വിവരം പുറത്തു വന്നതോടെയാണ് ടി.പി കേസിലെ പ്രതികളെ വിട്ടയക്കുന്നതായുള്ള വിവരവും പുറത്തായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിനാണ് ടി.പി വധക്കേസ് പ്രതികളെ ശിക്ഷിച്ചിരുന്നത്. വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ വര്‍ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം ആരംഭിച്ചത്.
ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിനു അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
