മലപ്പുറം: മകളെ ഏഴുവര്‍ഷക്കാലം പല തവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത പിതാവിനെ ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലായി 104 വര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) വിധി പ്രസ്താവനയില്‍ പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് കേസിലെ പ്രതി. 2006ല്‍ ജനിച്ച പെണ്‍കുട്ടിയെ പത്താമത്തെ വയസ്സിലാണ് പിതാവ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് വിവിധ കാലങ്ങളിലായി 2023 മാര്‍ച്ച് മാസം വരെ പീഡിപ്പിച്ചു. പുറത്തു പറഞ്ഞാല്‍ കൂടുതല്‍ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.
പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പിതാവ് തന്നെയാണ് അരീക്കോട് ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറെ കാണിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയുടെ പരാതി പ്രകാരം അരീക്കോട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടയിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
