കാസര്‍കോട്: ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് പതിവാക്കുകയും പൊലീസുകാരന്റെ തൊപ്പി തെറുപ്പിക്കുകയും ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഗള്‍ഫുകാരന്റെ ഭാര്യയായ 32 കാരിക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ ഒരു ലക്ഷം രൂപയും സ്വര്‍ണ്ണ മാലയും തിരികെ ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഒരു യുവാവ് നല്‍കിയ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
അതേ സമയം ആരോപണ വിധേയയായ യുവതിക്കെതിരെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.
ഐ.എസ്.ആര്‍.ഒ, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥ ചമയുകയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കുകയും ചെയ്തുവെന്ന ആരോപണം സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ രണ്ട് പൊലീസുകാരുമായി സൗഹൃദം കാണിക്കുകയും പിന്നീട് സസ്‌പെന്‍ഷന് ഇടയാക്കിയ പരാതി നല്‍കുകയും ചെയ്തതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.
