കാസർകോട്: നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. വെള്ളിയാഴ്ച പുലർച്ചയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചനിലയിലായിരുന്നു. ഹെഡ്മിസ്ട്രസിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്കൂളിലെ സിസിടിവി ക്യാമറ തിരിച്ചു വച്ചിട്ടുണ്ട്. ഇതിന്റെ മറ്റു ഉപകരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പിടിഎ പ്രസിഡണ്ട് അരമന വിനോദ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
വിരലടയാളങ്ങൾ ശേഖരിക്കാനായി മുറി സീൽ ചെയ്തതിനാൽ ഇതിൽ നിന്ന് ലാപ്ടോപ്പുകളും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സാധിച്ചിട്ടില്ല. തൊട്ടടുത്ത മുറിയിൽ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നു. ഇദ്ദേഹം പുലർച്ചെ ഒരു മണിയോടെ വിശ്രമിക്കാൻ പോയ നേരത്താണ് കവർച്ച നടന്നതെന്നാണ് കരുതുന്നു. തത്സമയം കനത്ത മഴയുണ്ടായിരുന്നതിനാൽ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് കരുതുന്നു. പൊലീസ് സ്കൂളിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. നീലേശ്വരം റയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് രാജാസ് ഹയർസെക്കൻഡറി സ്കൂൾ.
