കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങി മരിച്ചത് എടനീര്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ബൈരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. പുഴയില്‍ നിന്ന് കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുഷ്പകുമാറിന്റെതാണെന്ന് സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളുമാണ് തിരിച്ചറിഞ്ഞത്.
ടൈല്‍സ് ജോലിക്കാരനാണ് പുഷ്പകുമാര്‍. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇരുചക്ര വാഹനത്തിലാണ് ഇയാള്‍ ഇറങ്ങിയത്. വാഹനം എടനീരില്‍ വെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കര്‍ണ്ണാടകയിലേക്ക് ജോലിക്കു പോയതാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.
ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടുന്നതായി ദൃക്്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
പരേതരായ വെങ്കിട്ടരമണ റാവുവിന്റെയും കമലയുടെയും മകനാണ്. മറ്റു സഹോദരങ്ങള്‍: ഹരീഷ്, യമുന, പുഷ്പാവതി.