കാസര്‍കോട്: മുളിയാറില്‍ വന്‍ ലഹരി വസ്തുവേട്ട. 3,76,830 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. മുളിയാര്‍, കോലാച്ചിയടുക്കം, കെട്ടുംകല്ലിലെ ബിസ്മില്ല മന്‍സിലിലെ മൊയ്തു (40), കാര്‍ ഡ്രൈവര്‍ പാടി എടനീരിലെ എം.എം റഷീദ് (29) എന്നിവരെയാണ് ആദൂര്‍ എസ്.ഐ കെ. അനുരൂപും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച വൈകുന്നേരം പൊലീസ് സംഘം മൊയ്തുവിന്റെ വീട്ടില്‍ എത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും വീട്ടിലെ കിടപ്പുമുറിയിലുമായി സൂക്ഷിച്ചിരുന്ന 1618 പാക്ക് പുകയില ഉല്‍പ്പന്നങ്ങളും 340 പാക്കറ്റ് സിഗരറ്റുകളുമാണ് ആദ്യം പിടികൂടിയത്. വിശദമായ പരിശോധനയിലാണ് പണം കണ്ടെടുത്തത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റുകിട്ടിയ പണമാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
