കാസര്‍കോട്: തോട്ടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനിടയില്‍ ഫോറസ്റ്റ് ഫ്ളൈയിംഗ് സ്‌ക്വാഡ് എത്തിയതോടെ നായാട്ടു സംഘം ഓടിരക്ഷപ്പെട്ടു. സ്ഥലത്ത് നിന്നും പന്നിയെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച കള്ളത്തോക്കും കെണിവെക്കാന്‍ ഉപയോഗിക്കുന്ന കുരുക്കും പന്നിയിറച്ചിയും കണ്ടെടുത്തു. കഴിഞ്ഞ ദിവസം കരിന്തളം പഞ്ചായത്തിലെ അണ്ടോളിലാണ് സംഭവം.
അണ്ടോളിലെ സ്നേഹദാസിന്റെ തോട്ടത്തിലെത്തിയ പന്നിയെ ആണ് നായാട്ടു സംഘം വെടിവെച്ചു കൊന്നത്. തുടര്‍ന്ന് സ്ഥലത്ത് വെച്ച് തന്നെ പന്നിയെ വെട്ടിനുറുക്കി ഇറച്ചിയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഫോറസ്റ്റ് ഫ്ലൈയിംഗ് സ്‌ക്വാഡിനെ വിവരമറിയിച്ചു. ശ്രീധരന്‍, ഹരി, ഡിനി, സുരേന്ദ്രന്‍ എന്നിവരടങ്ങിയ ഫ്ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്തേക്ക് കുതിച്ചെത്തി. ഇതു കണ്ട നായാട്ടു സംഘം തോക്കും മറ്റും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തോക്കും മറ്റും കസ്റ്റഡിയിലെടുത്ത വനപാലകര്‍ ഇവ പിന്നീട് നീലേശ്വരം പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
