കാസർകോട്: മഞ്ചേശ്വരത്ത്
ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട
സ്വദേശി കെ വി വിശ്വനാഥന്റെ മകൻ കെ വി മനോജ് (45) ആണ് മരിച്ചത്. മഞ്ചേശ്വരം എസ്എ.ടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെ
കുളിമുറിയിലാണ് മരിച്ച നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടത്. ഒറ്റയ്ക്കാണ് റൂമിൽ താമസം. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ജീവനക്കാർ താമസസ്ഥലത്ത് എത്തുകയായിരുന്നു. മുറി പൂട്ടിയ നിലയിലായിരുന്നു.
അകത്തുനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ പൊലീസിനെ വിവരം അറിയിച്ചു. മഞ്ചേശ്വരം പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് കുളിമുറിയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കംഉണ്ടെന്ന് സംശയിക്കുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 6 മാസം മുമ്പാണ് ബദിയടുക്കയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഇദ്ദേഹം ഫാമിലി ഹെൽത്ത് സെന്ററിലേക്ക് എത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെഡ് നേഴ്സ് ഷീജയാണ് ഭാര്യ. മകൻ നന്ദു മനോജ്.