കട്ടപ്പന: ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കാഞ്ചിയാര്‍ കക്കാട്ട് കടവിലെ കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കട്ടപ്പന സുവര്‍ണഗിരിയിലുള്ള ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു സുബിന്‍. ഭാര്യ ലിബിയയുടെ വീട്ടിലെത്തിയ സുബിനും അയല്‍വാസി ബാബുവും തമ്മില്‍ സംസാരത്തിനിടയില്‍ വാക്കേറ്റമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ ബാബു സുബിനെ കോടാലി കൊണ്ട് വെട്ടി. ഗുരുതരമായി പരിക്കേറ്റ സുബിനെ ഉടന്‍ കട്ടപ്പന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം സ്വന്തം വീട്ടില്‍ ഒളിച്ചിരുന്ന ബാബുവിനെ പിടികൂടാനെത്തിയ പൊലീസിന് നേരെയും മാരകായുധം ഉപയോഗിച്ച് അക്രമുണ്ടായി. ഈ അക്രമത്തില്‍ എസ്‌ഐ ഉദയകുമാരന് പരിക്കേറ്റു. ബാബു സ്ഥിരം മദ്യപാനിയും അക്രമാസക്തനുമാണെന്ന് പറയുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
