കാസര്‍കോട്: കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത യുവാവ് കൈവിലങ്ങുമായി രക്ഷപ്പെട്ടു. മൈലാട്ടിയില്‍ താമസക്കാരനായ അബൂബക്കര്‍ സിദ്ദിഖ് ആണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാത്രി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ജി തമ്പിയും സംഘവും പൊയിനാച്ചിയിലെ പെട്രോള്‍ പമ്പിന് സമീപത്ത് പരിശോധന നടത്തുന്നതിനിടയിലാണ് അബൂബക്കര്‍ സിദ്ദിഖ് സ്‌കൂട്ടറുമായി എത്തിയത്. സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൈവിലങ്ങു വെച്ച ഉടന്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ പരാതിയിന്മേല്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി എക്സൈസും തെരച്ചില്‍ നടത്തുന്നുണ്ട്. കഞ്ചാവും സ്‌കൂട്ടറും എക്സൈസിന്റെ കസ്റ്റഡിയിലാണ്.