കണ്ണൂര്‍: വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങളിലെത്തി അശ്ലീല ആംഗ്യം കാണിക്കുകയും കൂടെ പോരുന്നോവെന്ന് ചോദിക്കുകയും ചെയ്യുന്നത് പതിവാക്കിയ വിരുതന്‍ ഒടുവില്‍ പൊലീസ് പിടിയില്‍. തലശ്ശേരി, എരുവട്ടി, കാപ്പുമ്മലെ അന്‍സഫ ഹൗസില്‍ കെ. അര്‍ഷാജി(37)നെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മട്ടന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബസ്സ്റ്റാന്റുകളിലെ സ്ഥിരം ശല്യക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബസ്സ്റ്റാന്റുകളില്‍ സ്ത്രീകളും വിദ്യാര്‍ത്ഥിനികളും നില്‍ക്കുന്ന ഭാഗങ്ങളില്‍ എത്തി അശ്ലീല ആംഗ്യം കാണിക്കുകയും കൂടെ പോരുന്നോയെന്ന് ചോദിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പല തവണ ഇയാളെ പിടികൂടാന്‍ സ്ത്രീകള്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇയാള്‍ പതിവായി രക്ഷപ്പെടുകയായിരുന്നുവത്രെ.
വ്യാഴാഴ്ച സന്ധ്യയോടെ മട്ടന്നൂരിലാണ് ഇയാള്‍ പിടിയിലായത്. ബസ്സ്റ്റാന്റില്‍ സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്തെത്തിയ അര്‍ഷാദ് ഒരു സ്ത്രീക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും കൂടെ പോരുന്നോയെന്ന് ചോദിക്കുകയുമായിരുന്നു. സ്ത്രീ ബഹളം വച്ചതോടെ അര്‍ഷാദ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.
