
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശനെയും സുഹൃത്തും നടിയുമായ പവിത്രഗൗഡയെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരുവരെയും അന്വേഷണസംഘം പത്തുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ചത്തേക്ക് നല്‍കാനേ കോടതി തയ്യാറായുള്ളു.
ബുധനാഴ്ച രാവിലെയാണ് ദര്‍ശനേയും പവിത്രയേയും കോടതിയില്‍ ഹാജരാക്കിയത്. ഈ സമയത്ത് ഇരുവരും നിരവധി തവണ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. പൊലീസുകാര്‍ മോശമായി പെരുമാറിയോ എന്ന് ജസ്റ്റിസ് വിശ്വനാഥ് സി ഗൗഡര്‍ ആരാഞ്ഞുവെങ്കിലും ഇല്ലെന്നായിരുന്നു മറുപടി നല്‍കിയത്.
ദര്‍ശന്റെ സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. രേണുകസ്വാമിയുടെ മൃതദേഹം തള്ളിയ സ്ഥലത്തേക്ക് പ്രതികളെ കൊണ്ടുപോയെന്നാണ് വിവരം. സംഭവസ്ഥലത്തേക്ക് കൊണ്ടുപോയവരിൽ നടൻ ദർശൻ ഉണ്ടായിരുന്നില്ല. മരുന്നു കമ്പനിയിലെ ജീവനക്കാരനായ രേണുകാസ്വാമിയെ ചിത്രദുര്‍ഗ്ഗയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിച്ചാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു. മൃതദേഹം തെരുവ് നായകള്‍ കടിച്ചുവലിക്കുന്നത് കണ്ട ആള്‍ക്കാര്‍ അറിയിച്ചതിനനുസരിച്ചാണ് പൊലീസെത്തി അന്വേഷണം നടത്തി കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്.