കാസര്‍കോട്: സര്‍ക്കാരിന്റെ അനാസ്ഥമൂലം ഭൂമിയുടെ തരം മാറ്റത്തിന് അപേക്ഷിച്ച് ലക്ഷങ്ങള്‍ ഫീസടച്ചവരും സര്‍ക്കാര്‍ തന്നെ അദാലത്ത് നടത്തി ആര്‍ ഡി ഒ തരം മാറ്റ ഉത്തരവുകള്‍ നല്‍കിയവരും ദുരിതത്തില്‍. തരം മാറ്റ ഉത്തരവ് നല്‍കുന്നതല്ലാതെ തരം മാറ്റി അംഗീകാരം നല്‍കുന്നില്ല. 2022ല്‍ അപേക്ഷിച്ച് ആര്‍ ഡി ഒ തരം മാറ്റ ഉത്തരവ് നല്‍കി സര്‍വ്വെയര്‍മാര്‍ വീണ്ടും സര്‍വ്വെ നടത്തി റിപ്പോര്‍ട്ട് നല്‍കിയവരുടെ അപേക്ഷകള്‍ പോലും കാസര്‍കോട് താലൂക്ക് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ റവന്യൂ അദാലത്ത് നടത്തി തരം മാറ്റ ഉത്തരവ് നല്‍കിയിരുന്നു. അതിനും താലൂക്ക് ഓഫീസില്‍ നിന്നും അംഗീകാരം നല്‍കിയിട്ടില്ല. റവന്യൂ സൈറ്റിന്റെ പ്രശ്നമാണെന്നും നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന് വേണ്ടത് പണം മാത്രം തുടര്‍നടപടികള്‍ക്ക് താല്‍പര്യമില്ലെന്നാണ് അപേക്ഷകര്‍ പറയുന്നത്.
നിലം എന്നത് പുരയിടം എന്നാക്കി കിട്ടുന്നതിനായി മാസങ്ങളായി അക്ഷയ സെന്റര്‍, ആര്‍ ഡി ഒ, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് കയറിയിറങ്ങുകയാണ് അപേക്ഷകര്‍. നിയമാനുസൃതം ലക്ഷങ്ങള്‍ ഫീസ് അടച്ചവര്‍ പോലും ഇപ്പോള്‍ താലൂക്ക് ഓഫീസ് കയറിയിറങ്ങുകയാണ്.
ഭൂമിയുടെ തരം മാറ്റല്‍ 2022ല്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. അക്ഷയ സെന്റര്‍ വഴി ആര്‍ ഡി ഒ ക്ക് അപേക്ഷ നല്‍കിയാല്‍ അത് റിപ്പോര്‍ട്ടിനായി വില്ലേജ് ഓഫീസര്‍ക്ക് അയക്കും. വില്ലേജ് ഓഫീസര്‍ സ്ഥലപരിശോധന നടത്തി ആവശ്യമായ രേഖകള്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് ആര്‍ ഡി ഒയ്ക്ക് നല്‍കും. ആര്‍ ഡി ഒ ഓഫീസില്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട്, ആര്‍ ഡി ഒ തുടങ്ങിയവരുടെ ടേബിളുകളില്‍ മാസങ്ങളോളം ചുറ്റിക്കറങ്ങും. ആര്‍.ഡി ഒയാണ് തരം മാറ്റുന്നതിനുള്ള ഫീസ് അടക്കാന്‍ ഉത്തരവ് നല്‍കുന്നത്. ഇതനുസരിച്ച് രണ്ടും മൂന്നും ലക്ഷങ്ങള്‍ അടച്ചവരാണ് ഇപ്പോള്‍ താലൂക്ക് ഓഫീസ് കയറിയിറങ്ങുന്നത്. മുമ്പ് ആര്‍ ഡി ഒ തന്നെ അപേക്ഷകനും വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും തരം മാറ്റം ഉത്തരവ് അയച്ചിരുന്നു. വില്ലേജ് ഓഫീസര്‍മാര്‍ രേഖകളില്‍ മാറ്റം വരുത്തി വീടു കെട്ടുന്നതിന് കൈവശ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വ്വെ ചെയ്യാന്‍ അയക്കുകയാണ്. സര്‍വ്വെ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയ ഫയലുകളാണ് അധികൃതരുടെ അനാസ്ഥമൂലം പരിഹാരം കാണാതെ കിടക്കുന്നത്. ആര്‍ ഡി ഒ ഓഫീസില്‍ നിന്നും വന്ന അപേക്ഷകള്‍ താലൂക്ക് ഓഫീസില്‍ കെട്ടികിടക്കുകയാണ്. 2022ല്‍ നല്‍കിയ അപേക്ഷകള്‍ പോലും ഇവയില്‍ ഉള്‍പ്പെടും. ഭൂമിയുടെ തരം മാറ്റല്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് അപേക്ഷകര്‍ ആവശ്യപ്പെട്ടു.
