ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പര്‍ സ്റ്റാറുമായ ദര്‍ശന്‍ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓണ്‍ലൈന്‍ വഴി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്ക് വിധേയയാക്കിയതിനും നടിയുമായുള്ള ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കല്‍ഷോപ്പ് ജീവനക്കാരനാണ്. ദര്‍ശന്റെ വീട്ടില്‍ വെച്ചാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് താരവും നടി പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ദര്‍ശന്‍ വിവാഹിതനാണെങ്കിലും താന്‍ അദ്ദേഹവുമായി അടുപ്പത്തിലാണെന്ന സൂചന പവിത്ര ഗൗഡ നല്‍കിയിരുന്നു. കൂടാതെ ദര്‍ശന്റെ ഭാര്യയ്ക്ക് തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും അവര്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും പവിത്ര അറിയിച്ചിരുന്നു. ദര്‍ശന്റെ ദാസ, കരിയ, ഗജ, നവഗ്രഹ, ബുള്‍ബുള്‍, സാരഥി, റോബര്‍ട്ട് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകളില്‍ ചിലതാണ്.
