മംഗളൂരു: ചലഞ്ചിംഗ് സ്റ്റാര്‍ എന്നറിയപ്പെടുന്ന നടന്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍. മൈസൂരിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ പിടികൂടിയത്. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമി(33)യുടെ കൊലപാതകത്തില്‍ പങ്കുള്ളതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 8 നാണ് രേണുക സ്വാമി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 9 ന് കാമാക്ഷിപാളയക്ക് സമീപമുള്ള സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ചിത്രദുര്‍ഗയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കാമാക്ഷിപാളയയില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുറിവുകളോടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. കേസില്‍ കൂട്ടാളികളായ ഒന്‍പതുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകം നടത്തിയത് തങ്ങളാണെന്നും നടന്‍ ദര്‍ശന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ സമ്മതിച്ചു. നേരത്തെ മൂന്ന് പേര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നടന്‍ ദര്‍ശനും ഇതില്‍ പങ്കുണ്ടെന്ന് അറിയുന്നത്. ദർശന്‍റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴില്‍ ശിവരാജ് കുമാര്‍ അടക്കം താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ദര്‍ശന്‍. ഡി ബോസ് എന്ന് വിളിക്കുന്ന ദര്‍ശന്‍ പലപ്പോഴും രാഷ്ട്രീയ വേദികളിലും കന്നഡ പ്രക്ഷോഭ വേദികളിലും സജീവമാണ്.