ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ മരിച്ചു. എടക്കാട് ഹിബയില്‍ മര്‍വ ഹാഷിം (35), കോഴിക്കോട് കൊളത്തറ സ്വദേശിനി നരേഷ ഹാരിസ് (ഷാനി -38) എന്നിവരാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ മരിച്ചത്. തിങ്കളാഴ്ച സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണിലെ വിനോദകേന്ദ്രത്തില്‍ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ കടലിനോട് ചേര്‍ന്ന് പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ കാലുതെറ്റി കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് കടലില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനൊടുവില്‍ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘ബ്ലാക്ക് സ്‌പോട്ട്’ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് മുമ്പും അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ശക്തമായ തിരമാലകളും വഴുവഴുപ്പുമുള്ള പാറകളാണ് ഇവിടുത്തേത്. ഇവിടെ രണ്ട് മലയാള യുവാക്കള്‍ മരിച്ചെന്ന വാര്‍ത്ത ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വകുപ്പില്‍ ഉദ്യോഗസ്ഥയാണ് മര്‍വ. കാസര്‍കോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീനാണ് മര്‍വയുടെ ഭര്‍ത്താവ്. 10 വര്‍ഷത്തോളമായി കുടുംബം ഓസ്‌ട്രേലിയയിലാണ്. ഒരുവര്‍ഷം മുന്‍പ് ബന്ധുവിന്റെ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടില്‍ വന്നിരുന്നു. പിതാവ്: കെ.എം.സി.സി. സ്ഥാപക നേതാവ് സി.ഹാഷിം. മാതാവ്: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഏഴര ഡിവിഷന്‍ കൗണ്‍സിലറായിരുന്ന ഫിറോസ ഹാഷിം. മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. സഹോദരങ്ങള്‍: ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ആദി (എടക്കാട്).
ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് സ്നാബിലിറ്റിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മര്‍വ. യുകെജി കാലം മുതല്‍ പ്ലസ്ടു വരെ സൗദി അറേബ്യയിലെ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പഠനം. 2007ല്‍ കുറ്റിപ്പുറം എംഐഎസ് എന്‍ജിനീയറിങ് കോളേജില്‍ നിന്നും ബിരുദവും 2020ല്‍ ഓസ്ട്രെലിന്‍ കര്‍ട്ടിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍വിറോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് കോളേജില്‍ ബിരുദാനന്ദര ബിരുദവും നേടിയിരുന്നു. കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് രേഷ ഹാരിസ്. മക്കള്‍: സയാന്‍ അയ്മിന്‍, മുസ്‌ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്. പിതാവ്: എ.എസ്. റഹ്‌മാന്‍. മാതാവ്: ലൈല. സഹോദരങ്ങള്‍: ജുഗല്‍, റോഷ്‌ന.
