കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ മജീര്‍പ്പള്ളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തട്ടുകട വ്യാപാരിയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരണത്തിലെ ദുരൂഹത പൂര്‍ണ്ണമായും നീങ്ങണമെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ്കുമാര്‍ പറഞ്ഞു. മജീര്‍പള്ള, ബെദിയാറുവിലെ അഷ്റഫി(44)നെ മെയ് ആറിനു രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയില്‍ കന്യാന റഹ്‌മാനിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കുകയും ചെയ്തു.
എന്നാല്‍ ഈ സമയത്ത് സഹോദരന്‍ ഇബ്രാഹിം മഹാരാഷ്ട്രയിലായിരുന്നു. ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം അഷ്റഫിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ആര്‍ഡിഒയുടെ ഉത്തരവ് പ്രകാരം മെയ് 23ന് മൃതദേഹം പുറത്തെടുത്ത് സ്ഥലത്തു വച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. ഇതിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിച്ചത്. മൃതദേഹം ഖബറടക്കം ചെയ്ത് 17 ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം ചെയ്തത്. രാസപരിശോധനാ ഫലം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.