ന്യൂഡല്‍ഹി: 7.15ന് നടക്കുന്ന മൂന്നാമതു നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു രാഷ്ട്രപതി ഭവന്‍ അങ്കണം ഒരുങ്ങി.
മന്ത്രിമാരായി തീരുമാനിച്ചിട്ടുള്ളവരെ ബി ജെ പി നേതൃത്വം ഡല്‍ഹിക്കു വിളിച്ചു. കേരളത്തില്‍ നിന്നുള്ള ഏക എം പി സുരേഷ്‌ഗോപി ഡല്‍ഹിക്കു തിരിച്ചു.
കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ, പ്രതിരോധ മന്ത്രിയായിരുന്ന രാജ്‌നാഥ്‌സിംഗ്, റോഡ്‌സ്- ഹൈവേ മന്ത്രിയായിരുന്ന നിധിന്‍ ഗഡ്ഗരി എന്നിവര്‍ പുതിയ മന്ത്രിസഭയിലുണ്ടായേക്കുമെന്നു സൂചനയുണ്ട്.
ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്കും നിതീഷ്‌കുമാറിന്റെ ജനതാദള്‍ യു വിനും ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും നല്‍കാനാണ് ഇതു സംബന്ധിച്ചു 11 മണിക്കൂര്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുള്ളതെന്നു പറയുന്നു. എല്‍ ജെ പി (രാംവിലാസ്), ജെ ഡി എസിലെ ചിരാഗ് പാസ്വാന്‍, എച്ച് ഡി കുമാരസ്വാമി, അപ്‌നാദളിന്റെ അനുപ്രിയ പട്ടേല്‍ (സോണലാല്‍), ആര്‍ എല്‍ ഡിയുടെ ജയന്ത് ചൗധരി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയുടെ ജിതന്‍ റാം മഞ്ചി എന്നിവരും മന്ത്രിമാരായേക്കും. ശിവസേന ഏകനാഥ് ഷിന്‍ഡേ വിഭാഗത്തില്‍ നിന്നു പ്രതാപ് റാവു ജാദവും പരിഗണനയിലുണ്ട്. റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അത്താവലെയും മന്ത്രിയായേക്കും.
കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിലെ പ്രഹ്ലാദ് ജോപ്പി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, ശിവരാജ് സിംഗ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കും.
ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ ബി ജെ പിക്കായിരിക്കും.
