കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന 4.36 കോടി രൂപയുടെതട്ടിപ്പു കേസിലെ പ്രതികള്‍ക്കു വിദേശ ബന്ധം ഉണ്ടെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായി സൂചന. പ്രതികള്‍ നല്‍കിയ മൊഴിക ളെ കുറിച്ച് ഐ. ബി. ഉദ്യോഗസ്ഥര്‍ വിവരമാരാഞ്ഞു. അറസ്റ്റിലായ പ്രതികളില്‍ ഒരാളുടെ ഇ മെയിലിലേക്ക് പാകിസ്ഥാനില്‍ നിന്നും മലേഷ്യയില്‍ നിന്നും സന്ദേശം എത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ ബി അന്വേഷണം ആരംഭിച്ചത്. പ്രതികളില്‍ ഒരാളായ കോഴിക്കോട്ടെ നബീല്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഓവര്‍ കോട്ടിന്റെ വ്യാജ യൂണിഫോം ഉപയോഗിച്ചതായുള്ള വിവരവും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുത്തതായാണ് സൂചന. അതേസമയം കാറഡുക്കയില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വ്യക്തികളില്‍ നിന്നും തട്ടിയെടുത്ത കോടി കണക്കിനു രൂപ എന്തിനു ഉപയോഗിച്ചുവെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനായിട്ടില്ല.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
