കാസര്‍കോട്: കാലപ്പഴക്കമേറിയ വീട് തകര്‍ന്നുവീണു. വീട്ടിനകത്ത് ഉറങ്ങിക്കിടന്നവര്‍ മൂന്നു വയസുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടി, തല്‍പ്പനാജെ കോളനിയില്‍ ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. ശാന്ത, മകന്‍ ബാബു, മരുമകള്‍ പ്രസന്ന കുമാരി, ഇവരുടെ മൂന്നു വയസ് പ്രായമുള്ള മകന്‍ പ്രജീഷ് എന്നിവരാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നത്. പുലര്‍ച്ചെ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബം കുട്ടിയേയും കൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
2002-2003 വര്‍ഷത്തില്‍ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ശാന്തക്ക് വീട് ലഭിച്ചത്. വീട് അപകടാവസ്ഥയിലായതോടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നു വീട്ടുകാര്‍ പറഞ്ഞു.
