കാസര്‍കോട്: യാത്രക്കിടയില്‍ കളഞ്ഞുകിട്ടിയ 30,000 രൂപ ഉടമസ്ഥനു തിരികെ നല്‍കി റബ്ബര്‍ കര്‍ഷകന്‍ മാതൃകയായി. കന്യപ്പാടിക്ക് സമീപത്തെ മാടത്തടുക്കയിലെ ഷാജിയാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. കഴിഞ്ഞ ദിവസം ദേവറമെട്ടുവില്‍ വെച്ചാണ് ഷാജിക്ക് പണം കളഞ്ഞ് കിട്ടിയത്. ഇക്കാര്യം ഷാജി സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിച്ചതിനെത്തുടര്‍ന്നാണ് പണത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. കന്യപ്പാടിയില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കബീറിന്റെ പണമാണ് നഷ്ടപ്പെട്ടത്. പണം തന്റേതാണെന്ന് കബീര്‍ തെളിവുസഹിതം വ്യക്തമാക്കിയതോടെ പണം കൈമാറി.
