മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും ഇതിനകം തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ക്ഷണങ്ങൾ അയച്ചിട്ടുണ്ട്.
മൂന്നാംസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ജിവസം ചേര്‍ന്ന എന്‍.ഡി.എ യോഗം തീരുമാനിച്ചിരുന്നു. സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്രമോദിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിഡിപി, ജെഡിയു, ജെഡിഎസ് തുടങ്ങിയ കക്ഷികള്‍ പ്രധാന വകുപ്പുകള്‍ക്കായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നീളുന്നത്.
ജെഡിയുവും ടിഡിപിയും പാര്‍ട്ടി യോഗങ്ങള്‍ നടത്തിവരികയാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാര്‍ട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് മോദിയും സഖ്യകക്ഷി നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരുന്നത് ജൂണ്‍ 12-ലേക്ക് മാറ്റിയിട്ടുണ്ട്.
