ഉണ്ണിത്താന്റെ ഭൂരിപക്ഷം കൂട്ടിയത് ആര്? ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലെത്തിച്ചത് ആര്? ഫലപ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മുസ്ലിം ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി തുടരുന്നു.
മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച വന്‍ ലീഡാണ് ഉണ്ണിത്താന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
2019 ലെ തെരഞ്ഞെടുപ്പില്‍ ലീഗ് ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരം, കാസര്‍കോട്, നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു 76,644 വോട്ടുകളുടെ ലീഡാണ് ഉണ്ണിത്താന് ലഭിച്ചത്. ഇത്തവണ ഈ മണ്ഡലങ്ങളിലെ ലീഡ് 90,949 വോട്ടായി ഉയര്‍ന്നു. ഇത് തങ്ങളുടെ പ്രവര്‍ത്തനഫലമാണെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. മുസ്ലിം ലീഗിനു അവ്യക്തമായ മേല്‍ക്കോയ്മയുള്ള ഉദുമ, ചെമ്മനാട്, മുളിയാര്‍, പഞ്ചായത്തുകളില്‍ നിന്നും ഉണ്ണിത്താന്റെ ലീഡ് ഉയര്‍ത്താനുള്ള വോട്ടുകള്‍ ലഭിച്ചതായും വിലയിരുത്തപ്പെടുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും ഉണ്ണിത്താന്റെ മുന്നേറ്റത്തിന് ലീഗ് വോട്ടുകള്‍ നിര്‍ണ്ണായകമായെന്നും പ്രവര്‍ത്തകര്‍ വിലയിരുത്തുന്നുണ്ട്.
അതേ സമയം സിപിഎം ജില്ലാ സെക്രട്ടറിയായ എംവി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിട്ടും കനത്ത പരാജയം ഉണ്ടായത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളെല്ലാം സോഷ്യല്‍ മീഡിയകളിലൂടെ പടര്‍ന്ന് പിടിക്കുന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പരാജയത്തിന്റെ കാരണങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അതിരുകടന്നു തുടങ്ങിയതോടെ നേതൃതല ഇടപെടലും ഉണ്ടായിട്ടുണ്ട്. പരാജയത്തിനു ഇടയാക്കിയ കാരണങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാതെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് അയച്ചു കൊടുക്കണമെന്ന അഭിപ്രായവും സജീവമായി പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page