”ഹേ പ്രഭോ, യെഹ് ക്യാ ഹുവാ’, ചെറുവത്തൂരില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പേരില്‍ ബാനര്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തായതോടെ ചെറുവത്തൂരിലെ ഓട്ടോതൊഴിലാളിക്കൂട്ടം മദ്യശാല വിഷയവുമായി വീണ്ടും രംഗം നിറയുന്നു. ”ഹേ പ്രഭോ, യെഹ് ക്യാ ഹുവാ” ചെറുവത്തൂരില്‍ എന്താ ഇങ്ങനെ?’ ഓട്ടോഡ്രൈവര്‍മാരുടെ പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ബാനറിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്. ഓട്ടോ തൊഴിലാളിക്കൂട്ടം ബാനറിലൂടെ നേതൃത്വത്തോട് ആരായുന്നു; ‘ ഞങ്ങള്‍ നെഞ്ചിലേറ്റിയ പാര്‍ടി ചെറുവത്തൂരിലെ മദ്യവില്‍പനശാലയുടെ പേരില്‍ തലകുനിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ നിങ്ങള്‍ തന്നെയാണ്… മദ്യ വില്‍പനശാല തുറന്നതും ഞങ്ങള്‍ക്കറിയാം, പൂട്ടിയതും ഞങ്ങള്‍ക്കറിയാം.. പിന്നാമ്പുറ കഥകളുമാറിയാം’. ‘കേരളത്തിലെ പട്ടണങ്ങള്‍ ബാര്‍ മുതലാളിക്ക് വേണ്ടി തീറെഴുതിയിട്ട് എന്തുനേടാന്‍ കഴിഞ്ഞു? , നാഴികക്ക് നാല്‍പതുവട്ടം കവലകളില്‍ തൊഴിലാളി സ്‌നേഹം പ്രസംഗിച്ചു നടന്ന് മുതലാളിയുടെ മുന്നില്‍ കൈകൂപ്പിനിന്നവരെ..തൊഴിലാളി വഞ്ചനയാണോ നിങ്ങളുടെ പ്രത്യയ ശാസ്ത്രം? – ബാനറിലൂടെ തൊഴിലാളികള്‍ ചോദിക്കുന്നു. 2023 നവംബര്‍ 23നു ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല ഒരുദിവസം മാത്രം തുറന്ന് അടച്ചുപൂട്ടിയ പ്രശ്‌നമാണ് വീണ്ടും തലപൊക്കിവന്നത്. ഒരുദിവസം തുറന്ന മദ്യ ഷോപ്പില്‍ നിന്ന് 10 ലക്ഷത്തോളം രൂപ വിറ്റുവരവുണ്ടായിരുന്നു. പൂട്ടിയതിനെ തുടര്‍ന്ന് സി.ഐ.ടി തൊഴിലാളികളും ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് മാസങ്ങളോളം സമരം നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് എത്തിയതോടെ പാര്‍ടി നേതൃത്വം പ്രശ്‌നത്തിലിടപെട്ടു. മൂന്നുമാസത്തിനകം ചെറുവത്തൂരിലോ പരിസരപ്രദേശത്തോ മദ്യശാല തുറക്കുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. സിപിഎം ജില്ലാ നേതൃത്വവും കണ്‍സ്യൂമര്‍ഫെഡും സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതിനിടെ 11 മാസത്തെ വാടക കുടിശിക ലഭിക്കാത്തതിനാല്‍ കെട്ടിട ഉടമ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ ആരുമറിയാതെ കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ മദ്യം കണ്ണൂരിലേക്ക് കടത്തി. കെട്ടിട ഉടമ ഇട്ട മറുതാഴും പൊളിച്ചാണ് എക്‌സൈസ് അധികൃതരുടെ സാന്നിധ്യത്തില്‍ മദ്യം കടത്തിയത്. സര്‍ക്കാരിന് വലിയ നേട്ടം ഉണ്ടായിയെടുക്കാവുന്ന സര്‍ക്കാര്‍ സ്ഥാപനം സ്വകാര്യ വ്യക്തിക്ക് വന്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി ഇല്ലാതാക്കിയെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. ഇതിനെതിരെ ശക്തമായി കൊണ്ടിരിക്കുന്ന പ്രതിഷേധം സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ചെറുവത്തൂരിലും സമീപപ്രദേശങ്ങളിലും വിള്ളല്‍ രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page