കാറഡുക്കയിലെ സഹകരണ സംഘം തട്ടിപ്പ്; സൂത്രധാരന്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ കോഴിക്കോട് സ്വദേശി; കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയത് കോടികള്‍, സംഘത്തിനു അന്തര്‍ സംസ്ഥാന ബന്ധം, കേസ് എന്‍ഐഎയ്ക്കു വിടുമോ?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് സെക്രട്ടറിയുടെ ഒത്താശയോടെ 4.76 കോടി രൂപ തട്ടിയെടുത്ത സംഘത്തിനു അന്തര്‍ സംസ്ഥാന ബന്ധം ഉള്ളതായി സൂചന. തട്ടിപ്പ് സംഘം കാസര്‍കോട് ജില്ലയിലെ പ്രമുഖ വ്യക്തികളില്‍ നിന്ന് പത്ത് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന വിവരവും പുറത്തുവന്നു. കോടികള്‍ തട്ടിയത് രാജ്യസുരക്ഷക്കു തന്നെ ഭീഷണിയാണെന്ന സൂചനകള്‍ കൂടി പുറത്തുവന്നതോടെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യവും ചര്‍ച്ചയാകുന്നു. കാറഡുക്ക സൊസൈറ്റിയിലെ തട്ടിപ്പ് സംബന്ധിച്ചു മാത്രമാണ് ഇതിനകം പരാതിയായി പൊലീസില്‍ എത്തിയിട്ടുള്ളു. പ്രസ്തുത കേസില്‍ സൊസൈറ്റി സെക്രട്ടറി കെ. രതീശന്‍, കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍, പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവും ഉള്‍പ്പെടെ മറ്റു മൂന്നു പേരും മാത്രമാണ് പിടിയിലായിട്ടുള്ളത്. ആദ്യം അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറഡുക്ക സൊസൈറ്റിയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണം ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. തച്ചങ്ങാട് സ്വദേശിയായ ഒരാള്‍ പെരിയയിലെ ഒരു ബാങ്കില്‍ പണയപ്പെടുത്തിയ കാല്‍ കോടിയുടെ സ്വര്‍ണ്ണം കണ്ടെടുക്കാനുണ്ട്. ഈ സ്വര്‍ണ്ണം ഉടമസ്ഥന്‍ വന്നാലും തിരികെ നല്‍കരുതെന്ന് പൊലീസ് ബാങ്ക് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട്, നാമക്കല്ല് ഈറോഡില്‍ നിന്ന് അറസ്റ്റിലായ രതീഷിനെയും അബ്ദുല്‍ ജബ്ബാറിനെയും വിശദമായി ചോദ്യം ചെയ്തുവെങ്കിലും തട്ടിപ്പ് വഴി കൈക്കലാക്കിയ പണം ഇവരുടെ കൈവശം ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഈ പണം മറ്റൊരാള്‍ക്കു കൈമാറിയെന്നാണ് ഇരുവരും നല്‍കിയ മൊഴി. ഇത് വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം.
അതേ സമയം തട്ടിപ്പ് സംഘത്തിന്റെ തലവന്‍ കോഴിക്കോട് സ്വദേശിയാണെന്ന കാര്യം അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. നബീല്‍ എന്നാണ് തലവനെന്നു പറയുന്ന ആള്‍ രതീഷനും ജബ്ബാറിനും അടക്കമുള്ളവരോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ പേര് വ്യാജമാണെന്നു സംശയിക്കുന്നു. നബീലിന്റെ കൈവശം എന്‍ഐഎയുടെ യൂണിഫോമും തോക്കും ഉണ്ടത്രെ. ഇയാള്‍ നിരവധി തവണ കാസര്‍കോട്ട് വന്നിട്ടുണ്ടെന്നും ഈ സമയത്തു തോക്കു ഉയര്‍ത്തിപ്പിടിച്ചാണ് ഇടപാടുമായി ബന്ധപ്പെട്ട് കാണാനെത്തുന്നവരോട് സംസാരിച്ചിരുന്നതെന്നും വിവരമുണ്ട്. നിര്‍മ്മലാ സീതാരാമന്‍ ഒപ്പിട്ടതെന്നു പറയുന്ന ഒരു സര്‍ട്ടിഫിക്കറ്റ് കാണിച്ചു തട്ടിപ്പിന് വിശ്വാസ്യത വരുത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള അബ്ദുല്‍ ജബ്ബാറിന്റെ പേരും ഫോട്ടോയുമാണ് ചേര്‍ത്തിട്ടുള്ളത്. സംഘം കേരളത്തിന് പുറമെ കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും തട്ടിപ്പു നടത്തിയതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ കോടികള്‍ എന്തിന് വേണ്ടി ചെലവഴിച്ചുവെന്നത് ദുരൂഹമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കേസന്വേഷണം എന്‍ഐഎയ്ക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page