കാസര്‍കോട്: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ അംഗീകാരമുള്ള സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രന്ഥശാല സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കും. ഏകീകൃത വെബ് ആപ്ലിക്കേഷനായ ‘പബ്ലിക് ‘നിര്‍മിച്ചു കൊണ്ടാണ് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പു നടത്തുന്നത്.
ആദ്യഘട്ടത്തില്‍ കേരളത്തിലെ ഏത് ലൈബ്രറികളിലെയും പുസ്തകങ്ങള്‍ തെരഞ്ഞ് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഏകീകൃത പുസ്തക കാറ്റലോഗ് നിര്‍മിക്കും. രണ്ടാം ഘട്ടത്തില്‍ പുസ്തക വിതരണവും അംഗങ്ങള്‍ക്കുള്ള സേവനവും ഓണ്‍ലൈനിലാക്കും. മൂന്നാം ഘട്ടത്തില്‍ ലൈബ്രറികളെ കമ്മ്യൂണിറ്റി സെന്ററുകളാക്കി മാറ്റുന്നതിനുള്ള സേവനങ്ങളായ കമ്മ്യൂണിറ്റി റേഡിയോ, പ്രാദേശിക അറിവുകളെ കാറ്റലോഗ് ചെയ്യുന്ന ലൈബ്രറി വിക്കി, പ്രധാന സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ജിയോ കാറ്റലോഗ്, കോ വര്‍ക്കിംഗ്, സ്പെയ്സ് ബുക്കിംഗ് പോലെയുള്ള സംവിധാനങ്ങള്‍ എന്നിവയും നാലാം ഘട്ടത്തില്‍ ലൈബ്രറി ഡിജിറ്റലൈസേഷനും നടപ്പിലാക്കും. ഇന്റര്‍നെറ്റുള്ള ഒരു സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ലൈബ്രറികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന സംയോജിത ലൈബ്രറി സംവിധാനമാണ് പബ്ലിക് പ്ലാറ്റ്ഫോം. ലൈബ്രറി രജിസ്റ്ററുകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കുകയാണ് ഏകീകൃത കാറ്റലോഗിനായി ആദ്യം ചെയ്യുക. താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലനം രാവിലെ 9.30 മുതല്‍ 5.30 വരെയായിരിക്കും.
ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിശീലനം പ്രകാരമാണ്. നീലേശ്വരം പള്ളിക്കര പീപ്പിള്‍സ് ലൈബ്രറിയില്‍ ജൂണ്‍ 6, 7,14, 15, മാണിയാട്ട് വിജ്ഞാനദായിനി ഗ്രന്ഥാലയത്തില്‍ ജൂണ്‍ 10, 11, 12,13, കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തില്‍ ജൂണ്‍ 19,20, 21,22, 26, 27, ബേവൂരി സൗഹൃദ ഗ്രന്ഥാലയത്തില്‍ ജൂണ്‍ 24, 25.