മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ചു. സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. നവഭാരതം പത്രം ഉടമ എകെ ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണു ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കറുടെ ജനനം. ‘നവഭാരത’ത്തില്‍ അച്ഛന്‍ അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണു പത്രപ്രവര്‍ത്തന തുടക്കം. ദി ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചു. മാധ്യമജീവിതത്തിന്റെ റിട്ടയര്‍മെന്റ് കാലത്തും ഒട്ടേറെ പത്രങ്ങളിലും മാഗസിനുകളിലും കോളങ്ങള്‍ എഴുതി സജീവമായിയിരുന്നു ബിആര്‍പി. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ രമ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മരിച്ചു. ഏകമകള്‍ ബിന്ദു ഭാസ്‌കര്‍ കാന്‍സര്‍ ബാധിച്ച് 2019-ല്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page