പക്ഷപാതക്കണ്ണട മാറ്റുക

നാരായണന്‍ പേരിയ

തിങ്കള്‍ക്കല

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, രാഷ്ട്രീയ നേതാവ്-‘ബഹുമുഖ പ്രതിഭ’ തന്നെ-എന്നു പറഞ്ഞാല്‍ എല്ലാമായി-എം.പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക-വീരേന്ദ്രകുമാര്‍ മാനേജിംഗ് ഡയറക്ടറായിരുന്ന ‘മാതൃഭൂമി’യുടെ അവകാശമാണ്. പ്രഭാഷണങ്ങള്‍ നടത്തിയത് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയും.
‘സമഗ്രവികസനം-സത്യവും മിഥ്യയും’ ചിദംബരത്തിന്റെ പ്രസംഗ വിഷയം. രാജ്യത്തിന് സമഗ്ര വികസനമുണ്ടായി, തങ്ങളുടെ ഭരണകാലത്ത് എന്ന് ഭരണം കയ്യാളിയവരും ഇപ്പോള്‍ ഭരണം നടത്തുന്നവരും അവകാശപ്പെടുന്നു. അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്? ചിദംബരം പരിശോധിക്കുന്നു. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍.
”ജനസംഖ്യയിലെ ഒരു ശതമാനം ദേശീയ വരുമാനത്തിന്റെ നാല്‍പത് ശതമാനവും സ്വന്തമാക്കി.” കണക്കുകള്‍ കാണിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 142 കോടി, ഇതിന്റെ നേര്‍പാതി 71 കോടി. ഇവരുടെ കൈവശമാണ് മൊത്തം സമ്പത്തിന്റെ 97 ശതമാനവും. അപ്പോള്‍ ശേഷിച്ച മൂന്നുശതമാനം സമ്പത്തുകൊണ്ട് 71 കോടി ജനങ്ങള്‍ കഴിയണം. ഇതാണ് ‘സമഗ്രവികസനം’. ആരോഗ്യ രക്ഷയോ, വിദ്യാഭ്യാസ സൗകര്യങ്ങളോ, എന്തിന് പാര്‍പ്പിടമോ ഇല്ലാത്തവരാണ് ജനസംഖ്യയില്‍ പകുതിപ്പേരും. സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഉയര്‍ന്ന ജാതിക്കാരാണ്. ആരാണ് ഇതിന് ഉത്തരവാദി? ‘ഇപ്പോള്‍ ഭരണം കയ്യാളുന്നവര്‍’ എന്ന് കുറ്റപ്പെടുത്താം. അതാണ് രാഷ്ട്രീയക്കാരുടെ സ്വഭാവം. എന്നാല്‍ ചിദംബരം എന്ന കോണ്‍ഗ്രസ് നേതാവ് ആത്മവിമര്‍ശനത്തിന് തയ്യാറാകുന്നു; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. ചിദംബരത്തിന്റെ വാക്കുകള്‍: ”എന്റെ സ്വന്തം പാര്‍ട്ടി ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ പാര്‍ട്ടികള്‍ക്കും ഇതിന് ഉത്തരവാദിത്വമുണ്ട്. സാമ്പത്തിക നയം രൂപീകരിക്കുമ്പോള്‍ താഴെത്തട്ടിലുള്ളവരെ പാടേ മറന്നു. സ്വാതന്ത്ര്യലബ്്ധിക്ക് ശേഷം ഏറ്റവും നീണ്ട കാലം ഭരണം നടത്തിയ പാര്‍ട്ടി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വം” എന്റെ സ്വന്തം പാര്‍ട്ടിക്ക് എന്ന് അദ്ദേഹം പറഞ്ഞില്ല.
‘താഴേത്തട്ടിലുള്ളവര്‍ പരമദരിദ്രരായി തുടരുന്നു. മേല്‍ത്തട്ടിലുള്ളവര്‍ നിയന്ത്രണങ്ങളില്ലാതെ വളരുന്നു. അതായത്, ഇന്ത്യയില്‍ സമഗ്രവികസനമില്ല.’ ഭരണം കൈവിട്ടപ്പോള്‍ ഉണ്ടായ ബോധോദയം! (നാക്കുപിഴയോ?)
‘ഇന്ത്യ എങ്ങോട്ട്’? രാമചന്ദ്രഗുഹയുടെ അന്വേഷണം. ചിദംബരം പറഞ്ഞേടത്തോട്ട് തന്നെ. ഈ സ്ഥിതി മാറണമെങ്കില്‍ എന്ത് ചെയ്യണം എന്ന് അദ്ദേഹം പറയുന്നു. ‘ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാവരുത്. അതായത്, 220-230 സീറ്റിലധികം ഒരു കക്ഷിക്കും ഇല്ലാതിരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലത്.’
1991 മുതല്‍ 2014 വരെ നിലനിന്ന കൂട്ടുകക്ഷി ഭരണം ഇന്ത്യയുടെ നല്ല കാലമായിരുന്നു. സാമ്പത്തിക പുരോഗതി മാത്രമല്ല ഫെഡറലിസവും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അക്കാലത്ത് നിലനിന്നിരുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ മാനിക്കപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായി. സമുദായ സൗഹൃദം നിലനിന്നു. എന്നാല്‍, തുടര്‍ന്ന് (അതായത് 2014ന് ശേഷം) ഒറ്റകക്ഷി ഭരണം വന്നതോടെ ഇതുണ്ടായില്ല.”
‘കൂട്ടുകക്ഷി ഭരണമുണ്ടായാലേ നല്ല ഭരണമുണ്ടാവുകയുള്ളു’ എന്നാണ് ഗുഹ പറയുന്നത്. ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടാകാന്‍ പാടില്ല! അതെങ്ങനെ സാധ്യമാകും? 220-230 സീറ്റുകളിലധികം ഒരു കക്ഷിക്ക് ഉണ്ടാകാന്‍ പാടില്ലത്രെ. മണ്ഡലങ്ങള്‍ സംവരണം ചെയ്തു കൊടുക്കുകയോ? ഭരണഘടന മാറ്റിയെഴുതുകയോ ചെയ്യാതെ ഇത് സാധ്യമാക്കുന്നതെങ്ങനെ? ‘ഇത്ര’ മണ്ഡലങ്ങളിലേക്ക് മാത്രമേ ഒരു പാര്‍ട്ടിക്കു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ പാടുള്ളു എന്ന നിബന്ധന തിരഞ്ഞെടുപ്പ് നിയമത്തില്‍ എഴുതിച്ചേര്‍ക്കണം! അത് അവകാശ നിഷേധമാവില്ലേ?
”കുടുംബാധിപത്യമുള്ള പാര്‍ട്ടികള്‍” -ഉദാഹരണമായി കോണ്‍ഗ്രസ്. പാര്‍ട്ടി നേതൃത്വം ഒരു കുടുംബത്തിന് മാത്രം. ഇത് പാടില്ല. പക്ഷെ, തടയുന്നതെങ്ങനെ? ഒരു കുടുംബത്തില്‍ പിറന്നു എന്നത് മാത്രം യോഗ്യത-പ്രവര്‍ത്തന പരിചയം നോക്കണ്ടാ. പക്ഷെ, അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിക്കാരല്ലേ? മറ്റ് പാര്‍ട്ടിക്കാര്‍ എന്തു ചെയ്യും ഇതില്‍? ‘പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.’-ഗുഹയുടെ വിമര്‍ശനം ശരിയാണ്. ജനാധിപത്യത്തിന് ചേരാത്ത പണിയാണിത്. ഇത് തുടങ്ങിയത് ആരാണ്? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ തുടക്കം കുറിച്ചു. തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയ കക്ഷിക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. രാഷ്ട്രപതി പിരിച്ചുവിട്ടു. പിരിച്ചുവിടാന്‍ സമ്മര്‍ദ്ദം ചെലുത്തിയതോ, പ്രധാനമന്ത്രിയുടെ മകള്‍- പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍! കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളുന്നവരെ സംസ്ഥാന ഗവര്‍ണ്ണരാക്കുക-അതും അക്കാലത്ത് തുടങ്ങി. ഇപ്പോഴും തുടരുന്നു.
ഇന്ത്യ എങ്ങോട്ട് എന്ന് ചോദിക്കുമ്പോള്‍ എല്ലാം നോക്കിയിട്ട് വേണം ഉത്തരം പറയാന്‍. ആദ്യം ‘പക്ഷപാതക്കണ്ണട’ മാറ്റി വെക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page