കാസര്‍കോട്: കാസര്‍കോട് ലോക് സഭാമണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്ന പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ വോട്ടെണ്ണല്‍ നിരീക്ഷകരായ ആദിത്യ കുമാര്‍ പ്രജാപതി, ഹിമാംശു വര്‍മ എന്നിവര്‍ സന്ദര്‍ശിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ കാവേരി, ഗംഗോത്രി, സബര്‍മതി ബ്ലോക്കുകളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. മഞ്ചേശ്വരം കാസര്‍കോട് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ ചുമതല റിഷിരേന്ദ്രകുമാര്‍ ഐ എ എസിനും ഉദുമ കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ ചുമതല ആദിത്യ കുമാര്‍ പ്രജാപതിക്കും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളുടെ ചുമതല ഹിമാംശു വര്‍മയ്ക്കുമാണ്. ഗംഗോത്രി ബ്ലോക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.00 ന് പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ് റൂം തുറക്കും.
കലക്ടറേറ്റില്‍ രാവിലെ 5 നാണ് ഇടിപിബിഎസ് സ്‌ട്രോങ് റൂം തുറക്കുക. രാവിലെ 7.30ന് ഇവിഎം സ്ട്രോങ് റൂമുകള്‍ തുറക്കും. രാവിലെ 8 ന് സബര്‍മതി ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ ആരംഭിക്കും. 8.30 ന് വോട്ടെണ്ണല്‍ ആരംഭിക്കും. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഗംഗോത്രി ബ്ലോക്കിലും, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കാവേരി ബ്ലോക്കിലും നടക്കും. വോട്ടെണ്ണല്‍ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 1200 അംഗ പൊലീസ് സേനയെ വിന്യസിക്കും. ആഹ്ലാദപ്രകടനങ്ങള്‍ വൈകിട്ട് ആറു മണിയ്ക്കകം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഹ്ലാദപ്രകടനം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്‍കൂട്ടി അധികൃതരെ വിവരമറിയിക്കണം. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.