കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി; കാറിൽ കണ്ടെത്തിയത് അര കിലോയോളം എം ഡി എം എ; കാറിൽ ഉണ്ടായിരുന്നത് നഴ്സിംഗ് വിദ്യാർഥിനിയും സുഹൃത്തും

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ നടന്ന വാഹന പരിശോധനക്കിടെ വൻ ലഹരി വേട്ട. കാറിൽ കടത്തിയ 480 ഗ്രാം എംഡിഎംഎ ആണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. നഴ്സിംഗ് വിദ്യാർത്ഥിനിയും സുഹൃത്തും അറസ്റ്റിലായി. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷ (22), ഏറ്റുമാനൂ‍ർ സ്വദേശി അമീർ മജീദ്(33) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ പൊലീസിന്‍റെ സ്ഥിരം വാഹന പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്. മൂന്നംഗ സംഘം യാത്ര ചെയ്ത കാർ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പരിഭ്രാന്തരായി കാർ മുന്നോട്ടെടുത്തതോടെ ഹിൽപാലസ് പൊലീസ് പിന്തുടരുകയായിരുന്നു. ഇരുമ്പനത്തെ കാർ ഷോറൂമിലേക്ക് വാഹനം കയറ്റി നിർത്തി. മൂന്ന് പേർ ഇറങ്ങി ഓടാൻ ശ്രമിച്ചു. പൊലീസെത്തിയതോടെ ഏറ്റുമാനൂർ സ്വദേശി അമീർ മജീദിനെയും ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷയെയും പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.
അഞ്ച് ഗ്രാമിന് പതിനായിരം രൂപ വരെ വിലയിടുന്ന 480 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടിയിലായ വർഷ ബെംഗളൂരുവിൽ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ്. അറസ്റ്റിലായ അമീർ മജീദ് ഡ്രൈവറാണ്. ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയം. സൗഹൃദത്തിലായ ശേഷം രാസലഹരി ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിക്കാൻ തുങ്ങി. കൊച്ചിയിൽ സുഹൃത്തിനെ കാണാനെത്തിയെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ബംഗളൂരുവിൽ നിന്ന് രാസലഹരി കൊണ്ടുവന്ന് കൊച്ചി കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിൽ ഇവർ എംഡിഎംഎ വിതരണം നടത്തിയെന്നാണ് വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page