കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നിര്‍ദ്ദേശിച്ച് സുരക്ഷാ സമിതി യോഗം;ആലാമിപ്പള്ളി ബസ് സ്റ്റാന്റ് ജൂണ്‍ 3 മുതല്‍ കൂടുതല്‍ സജ്ജമാക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് റോഡ് സുരക്ഷ യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി പുതിയകോട്ട സ്മൃതിമണ്ഡപത്തിന് സമീപം ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനായി സാന്റ് ബാഗ് വെച്ച് റൗണ്ട് എബൌട്ട് സ്ഥാപിച്ച് പൊലീസിന്റെ മേല്‍നോട്ടത്തില്‍ ട്രയല്‍ നടത്താന്‍ തീരുമാനിച്ചു. അനധികൃത ഓട്ടോപാര്‍ക്കിംഗ് നിയന്ത്രണം, സര്‍വ്വീസ് റോഡിലൂടെ നിയമവിരുദ്ധമായി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് എന്നിവക്ക് കര്‍ശന നടപടി സ്വീകരിക്കും. നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. ചിത്താരി വാതകചോര്‍ച്ച അപകടം നടന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തിലൂടെ പകല്‍ സമയത്തുള്ള ഗ്യാസ് ടാങ്കറുകള്‍ കാഞ്ഞങ്ങാട് സൗത്ത്, കൂളിയങ്കാല്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൈവേയിലൂടെ തന്നെ തിരിച്ചു വിടാന്‍ നടപടികള്‍ സ്വീകരിക്കും. ജൂണ്‍ 3 മുതല്‍ ആലാമിപ്പള്ളി ബസ്സ്റ്റാന്റിലേക്ക് മുഴുവന്‍ ബസുകളും കയറ്റുന്നതിന് പൊലീസ്, ആര്‍.ടി.ഒ, ട്രാഫിക് എസ്.ഐ. എന്നിവരെ ചുമതലപ്പെടുത്തി. ആലാമിപ്പള്ളി ബസ്റ്റാന്റിന് മുന്നില്‍ നിലവിലുള്ള ബസ്റ്റോപ്പ് ഒഴിവാക്കി ബസ്റ്റാന്റിനകത്ത് വെച്ച് തന്നെ ആളുകള്‍ക്ക് കയറാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തി. ഡിവൈഡര്‍ പരിഷ്‌ക്കരിക്കുന്നതിനായി പ്ലാന്‍ സമര്‍പ്പിക്കാനും പിഡബ്ല്യുഡിയോട് നിര്‍ദ്ദേശിച്ചു.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ ഏല്‍പ്പിച്ച ഡി.ടി.പി.സി. കാലതാമസം വരുത്തുന്നതിനാല്‍ നഗരസഭ തന്നെ ഏറ്റടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. നഗരത്തിലെ ഡ്രെയിനേജുകള്‍ ശാസ്ത്രീയമായി പുതുക്കിപ്പണിയാനുള്ള സാധ്യത പരിശോധിക്കാനും പിഡബ്ല്യുഡിയോട് നിര്‍ദ്ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാതയുടെ നേതൃത്വത്തില്‍ പൊലീസും, ആര്‍ ഡി ഒ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page