കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്തിൽ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈൽ സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന് ഡിആർഐ. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ് ഡിആർഐ പറയുന്നത്. സുഹൈലാണ് നേരത്തെ പിടിയിലായ സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചിരുന്നത്. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈൽ. അതേസമയം പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്നാണ് ഡിആർഐ പറയുന്നത്. സംഭവത്തിൽ മറ്റു ജീവനക്കാർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ ബുധനാഴ്ചയാണ് പിടിയിലായത്. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുളള യാത്രയിൽ മലദ്വാരത്തിലൊളിപ്പിച്ച് കൊൽക്കത്ത സ്വദേശിയായ സുരഭി കടത്തിയത് ഒരു കിലോയോളം സ്വർണമാണ്. സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് കഴിഞ്ഞ ദിവസം ഡിആര്‍ ഐ ചൂണ്ടിക്കാട്ടിയിരുന്നു.
സുരഭി പിടിയിലായതോടെയാണ് ഡിആർഐ അന്വേഷണം ക്യാബിൻ ക്രൂവിലേക്ക് വ്യാപിപ്പിച്ചത്. അങ്ങനെയാണ് സുഹൈൽ പിടിയിലാകുന്നത്. സുരഭി കാത്തൂൺ വഴി പല തവണ എയർ ഇന്ത്യ എക്സ്പ്രസിലൂടെ സ്വർണം കടത്തി. 20 കിലോവിലധികം സ്വർണ്ണം കിടത്തിയതായി വ്യക്തമായിട്ടുണ്ട്. 65 ലക്ഷം വില വരുന്ന സ്വർണമിശ്രിതം കടത്തുമ്പോഴാണ് സുരഭി പിടിയിലാകുന്നത്. ഇവർ റിമാൻഡിലാണ്. പല ഘട്ടങ്ങളിലായി കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർണം കടത്തിയെന്നാണ് ഡിആർഐക്കുളള വിവരം.റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. കണ്ണികളായ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് വിവരം.
